3/10/2011

പാഴ്‌ജന്മം

സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ....

3/06/2011

പ്രണാമം

അമ്മതന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി
പള്ളിക്കൂടത്തില്‍ പോയനാള്‍
കണ്ടകാഴ്ചകള്‍
ഓര്‍മ്മകള്‍ക്ക് അമൂല്യമായത്

പുള്ളിക്കുടചൂടി, മഴയില്‍
പാടവരമ്പിലൂടെ പോകവെ
ഓമനിച്ചിരുന്നു ഞാനും
കൊച്ചു സ്വപ്നങ്ങളെ

പിഷാരടിമാഷിന്റെ ചൂരല്‍കഷായം
ഇന്നെനിക്ക് മധുരമാണ്
കള്ളമടിച്ചു നടന്ന നാളുകള്‍
ഇന്നെനിക്ക് നൊമ്പരവും

പള്ളിക്കൂടം മറന്നനാളുകള്‍
ഓര്‍മ്മകള്‍ക്കു വേദനയും
മനസ്സിന്നു നഷ്ടബോധവുമായ്
രൂപാന്തരിച്ചിരിക്കുന്നു

അക്ഷരങ്ങള്‍ പതിഞ്ഞിടത്ത്
വിരല്‍പാടും പതിഞ്ഞിരുന്നോ
വരികള്‍ നൃത്തംവച്ച നാവില്‍
മുഴക്കം നിലച്ചമട്ട്

തല്ലിയാര്‍ത്ത കുട്ടിക്കാലം
തിരികെവരില്ലല്ലോ
സ്നേഹത്തിന്‍ പാഠഭാഗങ്ങള്‍ക്ക്
അലമാരയില്‍ മയക്കം

കലാലയസ്മരണകള്‍ക്ക്
വിശ്രമിക്കാന്‍ നേരമുണ്ടാവില്ല
മനസ്സിലിഴയുമാ നാളുകള്‍ക്ക്
ഓരായിരം പ്രണാമം