2/11/2012

ഒഴുക്ക്

മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്

വിഷദർശനം

തമസ്സിഴഞ്ഞ വീഥികളുടെ രോദനം
ഏതുതപസ്സിനാൽ മാറ്റും
കരൾപിടയുംനിലവിളികൾ
ഏതുസാന്ത്വനത്താലലിയും
കണ്ടിട്ടും കാണാതെ
പുറംതിരിയുവോൻ മർത്യനോ
നിഴലായ്, മരണത്തിന്റെ കാലൊച്ച
പതുങ്ങിയെത്തുന്നനാൾ
നാവിലിറ്റിത്തരുംരണ്ടുതുള്ളിയും
കീടനാശിനിതന്നെയാവാം

ചെറുത്തുനിൽപ്പ്

ഇന്നലെഞാൻ
വഴിതടഞ്ഞിട്ട പാതകളിൽ
ചിതലരിക്കുന്ന ആത്മദാഹവുമായ്
മൗനനൊമ്പരങ്ങൾക്ക്
കൂട്ടിരിക്കുകയായിരുന്നു

പക്ഷേ... ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു

12/15/2011

ബാക്കിപത്രം

നഷ്ടജന്മങ്ങൾ നിലവിളിക്കുന്നുവോ
കാലനാം കീടനാശിനിയെ
കഥാവശേഷമാക്കാൻ

പിഞ്ചുബാല്യങ്ങളെ-
പ്പാടേ തളർത്തിയ ക്രൂരകർമ്മം
കിരാതന്മാർ വിതച്ചഫലം

നികൃഷ്ടമതേ ഭീകരവും
മഹാദുരന്തമായ്
ബാക്കിപത്രം പോൽ.

പിഞ്ചുമുഖങ്ങൾക്ക്
നഷ്ടമായത് സ്വപ്നങ്ങൾ
സ്വസ്ഥമായ ഭാവിയും